Wednesday, February 24, 2016

ഉത്തരമില്ലാത്ത ചോദ്യങ്ങൾ


         ഇന്ന് രാവിലെ ഷോപ്പിൽ വന്നപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്.മുഖത്ത് വല്ലാത്ത മ്ലാനത.മുഖം മനസ്സിന്റെ കണ്ണാടി ആണല്ലോ..അയാളുടെ മുഖത്ത് നിന്നും  മനസ്സിലെ ദുഖം വായിച്ചെടുക്കാൻ ഇപ്പോൾ എനിക്ക് കഴിയുന്നു.ഇടയ്ക്കിടെ തന്റെ കയ്യിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കുന്നുണ്ട്.തനിക്ക് പോകാനുള്ള സമയം ആയോ എന്ന് നോക്കുന്നത് പോലെ.തല ചൊറിഞ്ഞും,കണ്ണുകൾ തുടച്ചും ഇങ്ങിനെ ഇരിക്കുന്നു.
അറബിയിൽ എഴുതിയ അയാളുടെ മെഡിക്കൽ റിപ്പോർട്ടിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കി. ഉദര സംബന്ദമായ രോഗകാരണത്താൽ ഉടൻ നാട്ടിലേക്കു പോകണം.മെഡിക്കൽ unfitt  ആയിരിക്കുന്നു.ഇവിടെ U A Eയിൽ മെഡിക്കൽ പൊട്ടിയാൽ ആജീവനാന്ത വിലക്കാണ്.ഇവിടേയ്ക്ക് മാത്രമല്ല G C Cയിലെ  ഒരു രാഷ്ട്രങ്ങളിലേക്കും പോകാൻ കഴിയില്ല. എട്ടു മാസം മുംബ് ഇവിടെ നിന്ന് ക്യാൻസൽ ചെയ്തു പോയി പുതിയ വിസയിൽ വന്നതാണ്‌..അപ്പോഴൊന്നും ഇല്ലാത്ത പുതിയ പ്രശ്നം ഉണ്ടായിരിക്കുന്നു.മനുഷ്യൻ എത്ര നിസ്സാരൻ അല്ലെ. അവനറിയാതെ അവന്റെ ശരീരത്തിലേക്ക് രോഗങ്ങൾ വരുന്നു.തടുത്തു നിർത്താൻ ഒരാൾക്കും കഴിയുന്നില്ല.അല്ലെങ്കിൽ നമ്മുടെ തീരുമാന പ്രകാരമല്ലല്ലോ ഇവിടേയ്ക്ക് വന്നത്.പോകുന്നതും അങ്ങിനെ തന്നെ.ഇടക്ക് ഞാനൊരു ചിരി പാസ്സാക്കി പക്ഷെ അയാളൊരു പ്ലാസ്റ്റിക് ചിരിയിൽ മറുപടി ഒതുക്കി.മെല്ലെ ഷോപ്പിൽ നിന്നും അയാൾ ഇറങ്ങിപ്പോകുമ്പോൾ എവിടെ നോന്നോ ദിശതെറ്റി വന്ന ഒരു തണുത്ത  കാറ്റു അയാളുടെ നരച്ചതാടിരോമാങ്ങളിലൂടെ കടന്നുപോയി.
    രണ്ട് ദിവസം മുംബ് ടൈപ്പ് ചെയ്ത അയാളുടെ നാഷണൽ ഐഡിയുടെ അപ്ളിക്കേശനിലേക്ക് നോക്കി,ജനന വർഷം1966. അഥവാ 50 വയസ്സ് ആയിരിക്കുന്നു.
    പെട്ടന്ന് എനിക്ക് ഓർമ്മ വന്നത് കുറച്ചുദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാർത്തയാണ്. അബൂദാബിയിൽ നിന്നും നാട്ടിലേക്കു പോകുന്ന വഴി എയർപോർട്ടിൽ വെച്ച് ഹൃദയാഗാതം വന്നു മരിച്ചു പോയ 57 വയസ്സായ ശാഹുൽ ഹമീദ് എന്നയാളെയാണ്.
അമ്പത് വയസ്സായിട്ടും വീണ്ടും പ്രവാസിയാകാൻ അദ്ധേഹത്തെ നയിച്ച ചേതോവികാരം എന്തായിരിക്കും?.തന്റെ സ്വപ്നങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തിയതാരാണ്.
   ആരാണിതിനു ഉത്തരവാദി? പ്രായമായിട്ടും പണത്തിന്റെ മോഹ വലയത്തിൽ കുടുങ്ങിക്കിടന്നു, പ്രവസലോകത്തേക്ക് തള്ളി വിടുന്ന കുടുംബക്കാരോ, ഒരാൾ പ്രവാസി ആയാൽ മരണം വരെ അവിടെ തന്നെ ജീവിതം ഹോമിക്കണമെന്ന നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ അലിഖിത നിയമമോ?. പ്രവാസി എവിടെയും പ്രവാസി തന്നെയാണ്. നാട്ടിൽ പോയാൽ ചോദിക്കും എപ്പോഴാണ് തിരിച്ചു പോകുന്നതെന്ന്.ചോദ്യം കേട്ടാൽ വിചാരിക്കും അവരുടെ തറവാട്ടിലേക്ക് അവരറിയാതെ  കയറി  വന്നവരാണ് എന്ന്.ഇങ്ങിനെ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളുമായി മരുഭൂമിയുടെ ഏകാന്തതയിൽ എവിടെയോ കാലവും ദിവസവും എണ്ണിക്കാത്തിരിക്കുന്ന ഓരോ പ്രവാസിക്കും,അവരുടെ കുടുംബക്കാർക്കും വേണ്ടി ഇത് ഞാൻ സമർപ്പിക്കട്ടെ...................



   

Saturday, February 06, 2016

WINTERVAL അജ്മാൻ തീരത്തെ കാഴ്ച്ചകൾ


അവിടെ എത്തുമ്പോൾ ഏകദേശം മൂന്ന് മണിയയിക്കാണും. കൂടെ 45 കുട്ടികളും ഉണ്ട്. കുട്ടികൾ എന്ന് പറഞ്ഞാൽ മൂന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ പഠിക്കുന്നവർ. കുട്ടികളെ നിയന്ത്രിക്കണം, അല്ലെങ്കിൽ നൂൽ പോയ പട്ടം പോലെ അലഞ്ഞു തിരിഞ്ഞ് എവിടെയെങ്കിലും വീണു പോവും. ഇവറ്റകളെ നിയന്ത്രിക്കാൻ പെടാപാടാണെന്ന് ഉച്ചക്ക് മുമ്പുള്ള സെഷനിൽ നിന്നും മനസ്സിലായതാണ്. ആരെങ്കിലും ഒരാൾ മിസ്സ്‌ ആയാൽ പിന്നെ പുകിൽ പറയുകയും വേണ്ട. നേരെ നാട്ടിലേക്ക് വണ്ടി കയറലെ രക്ഷയുള്ളൂ. എല്ലാ മഹാത്മാക്കളേയും   മനസ്സിൽ കരുതിയാണ് അവിടെ ഇറങ്ങിയത്. ആർക്കും ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ. ഖോജ രാജാവായ റബ്ബേ  നീ തന്നെ കാവൽ!!!!.
ലോകത്തിന്റെ പരിച്ചേതം തന്നെ അവിടെയുണ്ട്.ജോലിയുടെ തിരക്കിൽനിന്നും ഒഴിവു കിട്ടിയ ഒരുദിവസം ആസ്വദിക്കാൻ എത്തിയവർ.കെട്ടിടങ്ങളുടെ മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും രക്ഷ തേടി തീരം കാണാനിറങ്ങിയവർ, ചിലർ കടലിലേക്ക്‌ കണ്ണും നട്ടിരിക്കുന്നു, കടലിനോട് കിന്നാരം പറയുന്നവർ,സങ്കടം പറയുന്നവർ, തന്നെ തഴുകിയെത്തുന്ന കാറ്റിനോട് നാട്ടു വിശേഷങ്ങൾ ആരായുന്നവർ,അവിടെ ബംഗാളിയും,മലയാളിയും ഉണ്ട്,വെള്ളക്കാരനും,ആഫ്രിക്കക്കാരനും ഉണ്ട്.ആരും ആരെയും ശ്രദ്ധിക്കുന്നില്ല.അല്ലെങ്കിൽ അതിനൊക്കെ സമയം എവിടെ എല്ലെ!!. എല്ലാവരും അവരവരുടെ ലോകത്ത്........

 കുട്ടികളെ രണ്ടായി തരം തിരിച്ചു,വലുതും,ചെറുതും. ചെറുത് പന്ത്രണ്ടെണ്ണത്തിന്റെ മേൽനോട്ടം ജാബിർ സഖാഫിയുടെ കൂടെ ഞാനും ഏറ്റടുത്തു.
"ആദ്യം നമുക്ക് ഫുട്ബോൾ കളിക്കാം" ജാബിർ സഖാഫിയാണ് പറഞ്ഞത്.
കുട്ടികൾ ഒരേ ശബ്ദത്തിൽ OK പറഞ്ഞു.
അടുത്ത പ്രശ്നം ആരെ ക്യാപ്റ്റനാക്കും എന്നതാണ്. റബ്ബേ, കുട്ടികൾ അത് ചോദിക്കല്ലേ, മനസ്സ് മന്ത്രിച്ചു. ചോദിച്ചാൽ കുടുങ്ങിയത് തന്നെ. കാരണം ഒരാൾ ക്യാപ്റ്റനാണെന്ന് പറഞ്ഞാൽ മറ്റേആൾ പറയും ഞാനും ആകാമെന്ന്.അങ്ങിനെ ചിന്തയിൽ മുഴുകിയിരിക്കുമ്പോഴാണ് ആ ചോദ്യം,
ആരാണ് ക്യാപ്റ്റൻ?.
ഞാനൊന്ന് പരുങ്ങി.എന്ത് പറയുമെന്നറിയാതെ ചുറ്റും നോക്കി.വലിയ ഒരാളെ ക്യാപ്റ്റനക്കാം  എന്ന് ചിന്തിക്കുംബഴാണ് ജാബിർ സഖാഫിയുടെ മറുപടി വന്നത്.
"നമ്മുടെ കളിക്ക് ഒരു പ്രത്യേകത ഉണ്ട്." എല്ലാവരും കാതു കൂർപ്പിച്ചു, "എല്ലാവരും ക്യാപ്റ്റൻമാരാണ്.ഹാവൂ! ഒരു വിധം  രക്ഷപ്പെട്ടു.
 രണ്ട് ചെരിപ്പുകൾ ഗോൾപോസ്റ്റുകളാക്കി  വെച്ച് കളിതുടങ്ങി.ഒരു നിമിഷം ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയത്പോലെ തോന്നി.കുറെ കാലമായി അടച്ചുവെച്ചിരുന്ന ഓർമ്മചെപ്പ് മെല്ലെ തുറന്നു.അങ്ങകലെ കാസർഗോഡ്‌ ജില്ലയിലെ ആലംപാടിയിലെ ഒരു അഗതി മന്ദിരത്തിൽ തളച്ചിടപ്പെട്ട കുട്ടിക്കാലം. വൈകുന്നേരങ്ങളിൽ കിട്ടുന്ന രണ്ടു മണിക്കൂർ കളി സമയമായിരുന്നു ആകെയുള്ള ഒരു സമാധാനം.ശനി,ഞായർ എന്നീ ഒഴിവുദിവസങ്ങളിൽ റൂമിൽനിന്നും ആകാശ ചുംബിതമയി പറന്നു കളിക്കുന്ന പട്ടത്തെ നോക്കി രസിക്കും അല്ലെങ്കിൽ പാമ്പു കളിയിലൂടെ കോണി കയറിയും,ഇറങ്ങിയും. നമ്മളും ഒരു പട്ടമായിരുന്നല്ലോ അദൃശ്യമായ നൂല്കൊണ്ട് നിയന്ത്രിക്കപ്പെടുന്ന പട്ടം. ആറു വർഷത്തെ ജീവിതം,അതായിരുന്നല്ലോ എന്നെ രൂപപ്പെടുത്തിയതും. അതിനു ശേഷം അവിടെ പോയോ ? ഇല്ല! ആ  ഒരിക്കൽ പോയിട്ടുണ്ട് SSLC ബുക്ക് വാങ്ങാൻ. പിന്നെ പോയിട്ടില്ല. പഠിച്ച സ്കൂളിലേക്ക് അവിടുന്ന് പോന്നതിനുശേഷം പോകാത്ത അഹങ്കാരി എന്ന് നിങ്ങൾക്ക് എന്നെ കുറിച്ച് വിധി എഴുതാം. അതെ അതിനു ശേഷം ആ പടി ഞാൻ കയറിയിട്ടില്ല.  പോകണം, ഞാൻ പോലുമറിയാതെ എന്നെ സ്നേഹിച്ചവരെ കാണാൻ ,വീണ്ടും ആ കശുമാവിൻ ചോട്ടിലിരുന്നു വർത്തമാനം പറയാൻ ,ബഷീർക്കയുടെ പെട്ടിക്കടയിൽനിന്ന് തേങ്ങ മിട്ടായിയും,ജോക്കറും വാങ്ങി കഴിക്കാൻ, ആരാന്റെ പറമ്പിൽ നിന്നും കശുമാങ്ങ പറിച്ചു തിന്നാൻ. ഉപ്പയും,ഉമ്മയും ഉപേക്ഷിച്ച് അഗതി മന്ദിരത്തിലെ അന്തേവാസിയായി കഴിഞ്ഞിരുന്ന അമീറിനെ കാണാൻ, വെളുത്ത് മെലിഞ്ഞ ഉബൈദ് ഉസ്താദിനെ കാണാൻ,യുനൈസ് എന്ന് സ്നേഹത്തോടെ വിളിക്കുന്ന ശ്രീജ ടീച്ചറെ കാണാൻ, ......
അന്ന് ഒന്ന് പോയിക്കിട്ടാൻ ആഗ്രഹിച്ചു.ഇന്ന് അങ്ങോട്ട്‌ തിരിച്ചു പോകാനും.കാലത്തിന്റെ ഓരോ വികൃതികൾ അല്ലെ.


ഹൊ ! ചിന്തകൾക്ക് തീപിടിക്കുകയാണല്ലോ റബ്ബേ !!!!!.ലക്കും,ലഗാനുമില്ലാതെ മേഞ്ഞു നടക്കുകയാണല്ലോ  കയറൂരിവിട്ട ആടുകളെ പോലെ. ഇപ്പോൾ കയറൂരി വിട്ടത് കുട്ടികളെ അല്ല, എന്റെ ചിന്തകളെയാണ്.

കളി തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളുടെ പെരുമഴ. കാൽപന്ത് കളി കൈപന്ത് കളിയായി മാറി.കൈകൊണ്ട് പിടിക്കാൻ പോയ ഒരു കുട്ടിയുടെ മുകളിൽ മറ്റൊരാൾ വീണു, അവന്റെ മുകളിൽ മറ്റൊരാളും അങ്ങിനെ അഞ്ചാറു പേർ.ഏറ്റവും ആദ്യമുള്ളവന്റെ മുക്കലും,മൂളലും കേൾക്കാം. റബ്ബേ ഒന്നും സംഭവിക്കല്ലേ മനസ്സുരുകി പ്രാർത്ഥിച്ചു. എല്ലാവരെയും എടുത്തു മാറ്റി.ഹൊ! ഒന്നും സംഭവിച്ചില്ല. ഇടക്ക് നമ്മേയും കടന്ന് ഒരു ഫാമിലി കടന്നു പോയി. "ഏതോ പള്ളിയിലുള്ള കുട്ടികളാണെന്ന് തോന്നുന്നു" അവരുടെ മേല്ലെയുള്ള പ്രതികരണം. ഇത് പന്തിയല്ലെന്ന് മനസ്സിലാക്കിയ നമ്മൾ കളി മാറ്റിപ്പിടിച്ചു. "ബലൂൺ  പൊട്ടിക്കൽ"ഓരോരുത്തരും അവരവരുടെ ബലൂൺ പൊട്ടുന്നത് വരെ ഊതുക അതായിരുന്നു ഗെയിം.പ്രവാസത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട അവരിൽ ചിലർ ഊതാൻ പോലുമാവാതെ നിസ്സഹായനായി നിന്നു.
"THIS IS CHEATING" ബലൂൺ ഊതാൻ കഴിയാത്ത നിരാശയിൽ ഒരു കുട്ടിയുടെ കമന്റ്. "ഹും,അവന്റെയൊരു ഇംഗ്ലീഷ്"
ചീറ്റിങ്ങ് പോയി ഒരു ചാറ്റിങ് പോലും നമ്മൾ നടത്തിയിട്ടില്ല...
ചീറ്റിങ്ങ് എന്ന് പറഞ്ഞു പോയ കുട്ടി നേരെ പോയത് കടലിന്റെ അടുത്തേക്കാണ്‌.റബ്ബേ കുടുങ്ങുമോ? വല്ല കടും കയ്യും ചെയ്താൽ! ചിന്തിക്കാൻ പോലും കഴിയുന്നില്ല.പിള്ള മനസ്സിൽ കള്ളമില്ല എന്നല്ലെ ചൊല്ല്.പെട്ടന്ന് തിരിച്ചു വിളിച്ചു.തിരിച്ചു വിളിക്കുമ്പോൾ വന്നു ഗയിമിൽ കൂടുന്നതും,വീണ്ടും നമ്മോട് പിണങ്ങിപ്പോകുന്നതും,വീണ്ടും വന്നു ഗയിമിൽ കൂടുന്നതും  രസകരമായ അനുഭവമായി.ഈ കുട്ടിയെ കൊണ്ട് തോറ്റു എന്ന് ഞങ്ങൾ ഇടയ്ക്കിടെ പറയുന്നുണ്ട് എങ്കിലും പിന്നീട് അത് രസകരമായി തോന്നി. ബലൂൺ ചവിട്ടിപ്പൊട്ടിക്കലും, മറ്റും രസകരമായി നടന്നു.അവസാനം എല്ലാവരെയും റൗണ്ടിൽ നിർത്തി പ്രതിജ്ഞയും ചൊല്ലി പിരിഞ്ഞു.

                            ചില കാഴ്ച്ചകളുടെ ഫോട്ടോ ചുവടെ.........

                   
ബലൂൺ പൊട്ടിക്കൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ 

ഉച്ച ഭക്ഷണം

അവസാനം ഒരു ക്ലിക്ക്  

 അവസാനത്തെ പ്രതിജ്ഞ

ഉത്ഘാടന സെഷൻ 
പിറ്റേ ദിവസത്തെ പത്രം